keralam, life, LOVE, Malayalam

പ്രണയത്തിന്റെ ഉറവിടം 

മനുഷ്യ ഹൃദയത്തിനു 

നാല്‌ അറകളാണുള്ളത്‌ .
ആദ്യ അറയിലാണ്‌ 

നാം നമ്മുടെ സ്വപ്നങ്ങളെ കുടിയിരുത്തിയിരിക്കുന്നത്‌.
രണ്ടാമത്തെ അറയിൽ 

നമ്മുടെ നിലവിലെ ദുഖങ്ങളും സന്തോഷങ്ങളും  ഇഴചേർന്നിരിക്കുന്നു.
മൂന്നാമത്തെ അറ 

നമ്മുടെ  ഓർമ്മകൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നു.
നാലാമതൊരു അറയുണ്ട്‌.

അത്രമേൽ ഹൃദയത്തിനുള്ളിലാണ്ട ഒരാൾ

കാട്ടി തരും വരേയ്ക്കും 

നമുക്ക്‌ പോലും ഒരു പിടിയുമില്ലാതിരിക്കുന്ന ഒരിടം . 
അയാൾ ഇറങ്ങിപ്പോകുമ്പോൾ 

അയാളോടൊപ്പം ഇറങ്ങിപ്പോകുന്ന ,

അതിനു ശേഷം 

നാല്‌ അറകളേയും ശൂന്യമാക്കുന്ന ഒരിടം . 
നമ്മൾ പോലും അറിയാതെ 

നമ്മൾ നമ്മളെ ഒളിച്ചുവെച്ചിരിക്കുന്ന

ഒരിടം .

Advertisements
Standard
keralam, life, LOVE, Malayalam

ഓർമ്മയുടെ വീഥികൾ 

​ഒഴിഞ്ഞ ഈ വീഥികൾ ഒരു ഓർമപ്പെടുത്തലാണ് …

അതെ ഈ വഴിയിലൂടെ തന്നെയല്ലേ എന്നത്തേയും പോലെ ഇന്ന് അസ്തമയത്തിനുമുൻപ് ഞാൻ നടന്നു പോയത് ??

 ഇതേ വഴിയിലൂടെ തന്നെയല്ലേ ഞാൻ ആ കൈകൾ പിടിച്ചുരുമ്മി നടന്നതും !!

കണ്ണടച്ചു നടന്നാൽ പോലും ഞാൻ ഇടറി വീഴാത്ത  വഴികൾ,

എന്നാലീ നിമിഷമെന്തേ ഈ വഴികൾ എനിക്ക് അപരിചിതമായത് !!!!

എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ??

ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു തുടിക്കുന്ന ഹൃദയമുണ്ടായിരുന്നു . എന്നാലിപ്പോഴോ മൗനത്തിന്റെ നേർത്ത കാറ്റിന്റെ മരവിച്ച തണുപ്പ് മാത്രം. 
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ?? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു പ്രേമം തുളുമ്പുന്ന മന്ദസ്മിതങ്ങളുണ്ടായിരുന്നു , എന്നാലിപ്പോഴോ കടുംനീലിചു വരണ്ട  ഇരുട്ടിന്റ മന്ദത മാത്രം.
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്ക് മുൻപേ ആയിരുന്നോ ??? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു ഒരു നൂറുകഥകളുടെ മിന്നാമിനുങ്ങ്കൂട്ടം ഉണ്ടായിരുന്നു , എന്നാൽ ഇന്നിവിടെ വെട്ടമസ്തമിച്ച രാവിൻ നിശബ്ദത മാത്രം
ഈ ഒഴിഞ്ഞ വീഥികൾ പോലെ ,

എല്ലാം ശൂന്യമായിരിക്കുന്നു .
യുഗങ്ങൾക് പുറകിലേക്കു പോയി ആ സ്മരണകളെ തിരിച്ചു കൊണ്ടുവരാൻ ഇനി യാത്രയില്ല

എന്റെ വരവും കാത്ത് ഒരു പ്രതീക്ഷകളും 

ആ വീഥികളിൽ കാത്തു നിൽക്കുന്നുമില്ല

വരാത്ത എന്നെയോർത് നിറയാനും

നനയാനും അവിടെയെനിക്കായി കണ്ണുകളുമില്ല.

ഇനിയെന്ന് കാണുമെന്ന വിങ്ങലോടെ വിട പറയാനും , വൈകാതെ തിരികെയെത്താം എന്നോർത്ത് കൈ വീശി കാണിക്കാനും ,അവിടെ നമുക്ക് ആരുമില്ല.
വസന്തം വിരിഞ്ഞുപൊഴിഞ്ഞ ആ വീഥികളിലൂടെ വീണ്ടും ഇന്നു തപ്പിത്തടഞ്ഞു  ഒറ്റയ്ക്ക്നടക്കുമ്പോൾ

എന്റെ കൂടെയെത്താൻ , വീണു പോകും നേരം കൈപിടിച്ച് താങ്ങാൻ  ഇന്നെനിക് ഓർമകളുടെ , അറിയാതെ കാലം തെറ്റി വന്ന ഓർമ്മകളുടെ കിതപ്പ് മാത്രം .

Standard
keralam, life, Malayalam

ഞാനൊന്ന് നടന്നോട്ടെ…!!

അനിയത്തീ..

എന്നെ സ്നേഹിക്കരുത്.

വരമ്പിറങ്ങുമ്പോൾ

വിതുമ്പുന്ന ചുണ്ടുകൾ കാണുവാൻ വയ്യ..!

അനിയാ…

നീയും…

പ്രതീക്ഷക്കണ്ണുകളിലേക്കിനി

തിരിഞ്ഞുനോട്ടം വയ്യ..!
പ്രിയതമേ…

സ്നേഹിക്കരുതെന്നെ…

കരഞ്ഞു പിഴിഞ്ഞ

ചുവന്ന മൂക്കിനി വയ്യ കാണുവാൻ…!
ചേച്ചീ…

നീയും സ്നേഹിക്കരുത്…

വഴിക്കണ്ണുമായുള്ള നിൽപ്പിനി വയ്യ

മനസ്സിലോർക്കുവാൻ..!
അമ്മേ.. മാപ്പ്.

കൂടെക്കരുതില്ല ഞാനിനി…

കനൽച്ചൂടെരിയുമ്പോൾ

ഊതിപ്പുകച്ച സ്നേഹപ്പൊതിച്ചോർ…!
സ്നേഹിക്കരുതാരുമെന്നെ…!
പിൻവിളിക്കാരുമില്ലാതെ

ഞാനൊന്നു നടക്കട്ടെ…

Standard
Indian fesival, keralam, life

കണിക്കൊന്നക്കൊരു കഥയുണ്ട്..!!

“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”

കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

“ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.”

ഭഗവാന്‍ പറഞ്ഞു.

” പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക”.

രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് 

” കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും” 

എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു

.” ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല”.

.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്‌.

“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”

Standard
Uncategorized

ലഹരിയുടെ പക്ഷികൾ

വേനൽ അവധി കഴിഞ്ഞു +2 ജീവിതം മതിയാവുംവിധം ആസ്വദിച്ച അവൻ ക്യാമ്പസ്‌ ജീവിതം തുടങ്ങാൻ പോകുകയാണ്..

     

image

പതിവ് പോലെ അന്നും അവൻ നേരംവൈകിത്തന്നെയാണ് ഉറക്കം ഉണർന്നത്.. പല്ലു തേച്ചുകുളിച്ച അവൻ രാവിലെ ഫുഡും തട്ടി കോളേജിൽ പോവാൻ ഒരുങ്ങുകയാണ്.. മോൻ അങ്ങനെ നിൽക്കണം, നല്ലവരോട് മാത്രം കൂട്ടുകൂടണം എന്ന് അമ്മ അലാറം പോലെ പറയുന്നുണ്ടെങ്ങിലും അവൻ അതൊന്നും കാര്യമാക്കാതെ നാടിലെ ബസ്‌ സ്റ്റോപ്പിലേക്ക് പുറപെട്ടു.. ന്യൂ ജെൻ ആയതു കൊണ്ടാകാം നാട്ടീലെ പാമ്പുകളും കോഴികളും പോകുന്ന വഴിയിൽ അവനെ വഴി തെറ്റിക്കാൻ നിൽക്കുന്നുണ്ട്. കോളേജിലെ ആദ്യ ദിവസം ആയത് കൊണ്ടാകാം ക്ലാസ്സിൽ പോണം എന്നുള്ള ഒരു വിചാരം അവന്റെ മുഖത്ത് കാണുന്നുണ്ട്. ബസ്‌ സ്റ്റോപ്പിൽ എത്തിയ അവൻ കൂട്ടുക്കാരേ കൂടെ സ്റ്റോപ്പിൽ നിൽക്കുന്നവരുടെയും അത് വഴി പോകുന്നവരുടെയും അളവും നീളവും എടുക്കാൻ തുടങ്ങി.. വായിനോട്ടം എന്ന് വേണമെങ്ങിൽ പറയാം..
കൂട്ടുക്കാരുടെ തള്ളും കേട്ട് അവൻ നിൽക്കുമ്പോൾ ആണ് ബസ്‌ സ്റ്റോപ്പിന്റെ അരികിൽ തൂക്കിയിട്ട ഫ്ലെക്സിന്റെ അടിയിൽ ഒരു വെളുത്ത കാലു കാണുന്നത്.. കാലുകൾ ഇത്ര ഭംഗിയുള്ളത് ആണെങ്ങിൽ അവളുടെ മുഖം എത്ര ഭംഗി ആയിരിക്കും.. ഒട്ടും മടിക്കാതെ അവൻ ഒരു കൂട്ടുക്കരനോട് പറഞ്ഞു ” ടാ നോക്ക് അവിടെ ഒരു ഒന്നൊന്നര കാലു കാണുന്നു.. നമ്മുടെ നാട്ടിലെ കുറ്റി അല്ല മരുനാടാൻ ആണ്.. പോയി നോക്കാം?? ”
അവന്റെ അല്ലെ ചെങ്ങായി ദാ പോണു രണ്ടാളും.. ബസ്‌ കാത്തു നിലക്കുന്നവരുടെ ഇടയിലൂടെ അവർ നീങ്ങി.. ബസ്‌ സ്റ്റോപ്പിന്റെ അരികിൽ നിൽക്കുന്ന അവളെ അവർ നോക്കി.. കരിമഷി ഇട്ട ഉണ്ട കണ്ണുകളും നെറ്റിയിൽ ചന്ദനകുറിയും മുടി പിരിച്ചു രണ്ടു വശത്തേക്ക് തൂക്കി ഇട്ട ഒരു കൊച്ചു സുന്ദരി. അവൾ കൂട്ടുക്കരികളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു..
അവൻ അവളെ തന്നെ നോക്കി നിന്നു ഒറ്റ നോട്ടത്തിൽ തന്നെ അവനു അവളെ ഇഷ്ട്ടമായി പണ്ടും എങ്ങനെ ആദ്യ നോട്ടത്തിൽ അവനു കുറെ പേരെ ഇഷ്ട്ടം ആയിട്ടുങ്ങിലും ഇവളിൽ അവനു ഒരു പ്രത്യേക താല്പര്യം തോന്നി. അവൾ ബസ്‌ കയറി പോകും വരെ അവൻ ആ നോട്ടം തുടർന്നു..
ദിവസങ്ങളോളം അവൻ ആ നോട്ടം തുടർന്നു.
“നീ എങ്ങനെ അവളെ നൊക്കിയിരുന്നിട്ട് കാര്യമില്ല നീ നോക്കുന്ന കാര്യം അവളും കൂടെ അറിയണ്ടേ??”  കൂടെ ഉള്ള പ്രധാന കോഴി പറഞ്ഞു.. “അതെ അതിനു എന്താ ഒരു വഴി..” അവൻ ആകാംഷയോടെ ചോദിച്ചു.
സ്ഥലത്തെ പ്രധാന കോഴി പറഞ്ഞത് അനുസരിച്ചു അവൻ അന്ന് വൈകുന്നേരം അവളുടെ സ്കൂളിന്റെ മുന്നിൽ ഉള്ള ബസ്‌ സ്റ്റോപ്പിൽ പോയി നിന്നു.
സ്കൂൾ കഴിഞ്ഞ് ബസ്‌ കയറാൻ വേണ്ടി അവൾ വന്നു.. കൂടെ കുറെ തട്ടമിട്ട സുന്ദരികളും..
അവന്റെ മുന്നിൽ വന്നു നിന്ന അവളെ അവൻ കൗതുകത്തോടെ നോക്കി നിന്ന്.. പൊരിച്ച മീൻ കണ്ട പൂച്ചയെ പോലെ..
കൂട്ടുക്കരികളോട് എന്തോ പറഞ്ഞുകൊണ്ട് ചിരിച്ച മുഖമായി അവൾ തിരിഞ്ഞു നോക്കിയതും അവളെ നോക്കി ഇവനും ചിരിച്ചു.. അന്നാണ് അവൾ അവനെ ആദ്യമായി കാണുന്നത്.
“ദേ നോക്കിയടി അവിടെ ഒരു വായിനോക്കി ഇങ്ങോട്ട് നോക്കി ചിരിക്കുന്നു ” കൂട്ടുക്കരികളോട് അവൾ പറഞ്ഞു..
തട്ടമിട്ട സുന്ദരികൾ അവനെ തിരിഞ്ഞു നോക്കി പക്ഷേ അവൻ മറന്നില്ല അവരോടും ഒന്ന് ചിരിക്കാൻ അന്ന് അവൾ കയറിയ ബസിൽ അവനും കയറി. ബസിൽ നിന്നും തിരിഞ്ഞു നോക്കിയ അവൾ അവനെ വീണ്ടും കണ്ടു.
അവന്റെ നാട്ടിൽ അവൻ ഇറങ്ങി ബസ്‌ എടുക്കും മുന്നേ ഒന്നുടെ അവൻ പുറത്ത് നിന്നും അവളെ നോക്കി.. ഇടം കണ്ണിട്ട് അവൾ അവനെയും ഒന്ന് നോക്കി..
അവിടെ നിന്നും രണ്ട് സ്റ്റോപ്പ്‌ അകലെയായിരുന്നു അവളുടെ നാട്. എന്നും രാവിലെ ടുഷ്യൻ ക്ലാസിൽ പോവാൻ അവൾ അവന്റെ നാട്ടിൽ വരും അവിടെ നിന്നുമാണ് അവൾ സ്കൂളിലേക്ക് ബസ്‌ കയറൽ. അങ്ങനെയാണ് അന്ന് അവൻ അവളെ ആദ്യമായി കണ്ടത്. പതിവ് പോലെ അവൾ കൂട്ടുക്കരികളോടൊപ്പം അന്നും ടുഷ്യൻ കഴിഞ്ഞു ബസ്‌ സ്റ്റോപ്പിൽ വന്നു.. തന്നെ ഇന്നലെ നോക്കി നിന്ന പയ്യനെ അവൾ അവളുടെ കൂട്ടുക്കരികൾക്ക് കാണിച്ചു കൊടുത്തു.. “മോളെ ഇവൻ നിന്നെയും കൂടെ പോകു “കൂട്ടുക്കാരികൾ അവളോട് പറഞ്ഞു.. അവൾ അവനെ ഒന്നുടെ ഒന്ന് നോക്കി.. അതെ ചെറു പുഞ്ചിരിയുമായി അവൻ എന്നെ തന്നെയാണ് നോക്കുനത്. കാലങ്ങൾ കടന്നു പോയി എന്നാലും നോട്ടങ്ങൾക്ക്‌ ഒരു കോട്ടവും ഇല്ല.. ഇഷ്ട്ടം നേരിട്ട് പറയുക തന്നെയാണ് വേണ്ടത് മറിച്ചു വെച്ചാൽ തന്നെ സ്നേഹിക്കുന്ന ഒരു ഹ്രദയം തനിക്ക് നഷ്ട്ടപെടും എന്ന തോന്നൽ അവനിൽ തോന്നി തുടങ്ങി വൈകുന്നേരം സ്കൂൾ വിട്ടു വീടിലേക്ക് പോക്കുന്ന ഇടവഴിയിൽ അവൻ അവളെ കാത്തു നിന്നു.. അവന്റെ മുന്നിലൂടെ തല താഴ്ത്തി നടന്നു നീങ്ങിയ അവളെ അവൻ അവൻ വിളിച്ചു…
“ആതിര ഒന്ന് നിക്കോ.. ഒരു കാര്യം പറയാൻ ഉണ്ട്..
ഹും എന്താ??
വേറ ഒന്നും അല്ല.. കുറെ ആയി ഞാൻ തന്റെ പുറകെ നടക്കുന്നു..
അവൾ ഭയത്തോടെ പറഞ്ഞു.. “എന്താ പറയാനുള്ളത് പെട്ടെന്ന് പറയു.. ”
എനിക്ക് നിന്നെ ഇഷ്ട്ടം ആണ്.. നിനക്ക് ഇഷ്ട്ടം ആണോ എന്ന് അറിയില്ല എന്തായാലും എനിക്ക് ഇനി നിന്നെ മതി.. എന്നെ ഇഷ്ട്ടം ആണെങ്ങിൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് അവൻ നമ്പർ എഴുതിയ കടലാസ് അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങാതെ നടന്നു നീങ്ങി..
ഈ കാര്യം അവളുടെ കൂട്ടുക്കരികളോട് പറയുകയുണ്ടായി അവൻ നല്ല പയ്യൻ ആണെന്നും നമ്പർ വാങ്ങണം എന്നും ആയിരുന്നു അവരുടെ മറുപടി.. അന്ന് മുതൽ അവളുടെ ഉറക്കം പോയി കണ്ണടയുന്ന ഇരുട്ടിൽ അവൾ അവനെ കണ്ടു..
അങ്ങനെ എല്ലാ ദിവസത്തെയും പോലെ അവൻ രാവിലെ അവളെ കാണാൻ ബസ്‌ സ്റ്റോപ്പിൽ എത്തി.. അവൾ കയറിയ ബസിൽ തന്നെ അവനും കയറി.. സ്കൂളിലേക്ക് കയറുന്നതിനു മുന്നേ നമ്പർ കൊടുക്കണം എന്നാണ് അവൻ മനസിൽ കരുതിയിരുന്നത്.. എന്നാൽ അവളും കൂട്ടുക്കാരും അടിത്തുള്ള ഫാൻസി ഷോപ്പിൽ കയറി. എന്നിട്ട് പുറത്ത് ഉള്ള കൊയൻ ബൊക്സിന്റെ മുന്നിൽ നിന്നുകൊണ്ട് എല്ലവരും അവനെ നോക്കി..
എന്താ സംഭവം എന്ന് അറിയാതെ അവൻ ലോട്ടറി അടിച്ച പൊട്ടനെ പോലെ നിന്നു. അവളുടെ കൂട്ടുക്കാരി ഫോണ്‍ ചൂണ്ടി കാണിച്ചിട്ടും അവനു മനസ്സിലായില്ല.. അവസാനാം അവളുടെ കൂട്ടുക്കാരി അവന്റെ അടുത്ത് വന്നു എനിട്ട് ചോദിച്ചു.. “നിന്റെ നമ്പർ ഒന്ന് വേണം. അന്ന് പേടിച്ചിട്ടാണ് അവൾ വാങ്ങാതിരുന്നത് അവൾ ഇപ്പോൾ തന്നെ നിന്നെ വിളക്കും ” വീണു കിട്ടിയ ലോട്ടറിക്ക് 1 കോടി അടിച്ച പോലെ അവൻ നിന്നു…അപ്പോൾ തന്നെ കാളും വന്നു.. എന്ത പറയേണ്ടത് എന്ന് അറിയാതെ രണ്ടുപേരും മിണ്ടാതെ നിന്നു.. ഫോണ്‍ കട്ട് ആകുന്നതിനു മുന്നേ അവൾ ഒന്ന് പറഞ്ഞു… ഇഷ്ട്ടാണ് വേറയൊന്നും എനിക്ക് ഇപ്പോൾ പറയാൻ പറ്റുനില്ല..എന്ന് പറഞ്ഞു അവൾ ഫോണ്‍ വെച്ചു… സ്കൂളിലേക്ക് പോവുന്ന വഴിയെ അവൾ അവനെ നോക്കി ചിരിച്ചു..
അവിടെ ഈ ഭൂമിയിൽ വീണ്ടും ഒരു പ്രണയത്തിനു തുടക്കമിട്ടു.
ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും കഴിയുംതോറും അവരുടെ സ്നേഹം ആർക്കും തകർക്കാൻ പറ്റാത്ത ശക്തിയായിമാറി. അവന്റെ കോളേജ് ജീവിതം അവസാനിക്കാറായി.. അവൾ സ്കൂളിൽ നിന്നും കോളേജിൽ എത്തി..
ജോലി കിട്ടി അവൻ ചെന്നൈയിലേക്ക് പോയി.. എന്നാലും ഫോണ്‍ വിളികളും, ചാറ്റുകളും തുടർന്നു.
അവളെക്കാർ ഏറെ അവൾ അവനെ വിശ്വസിച്ചിരുന്നു അതുകൊണ്ട് തന്നെ അവളുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ്‌ അവൾ അവനു കൊടുത്തിരുന്നു. ചെന്നൈയിൽ തനിച്ചു ജീവിക്കുന്ന അവൻ അവിടെ ഉള്ള കൂട്ടുക്കാരോടോത്തു മയക്കുമരുന്നിനും അടിമയായിരുന്നു.. ഇതൊന്നും അറിയാതെ അവൻ അവളെ ജീവനുതുല്യം സ്നേഹിച്ചു..
അങ്ങനെയിരിക്കെ അവളുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നത് കൊണ്ട് അവൾക്ക് ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയില്ല എന്ന് അവൾ അവനോട് പറഞ്ഞു.. എന്നാലും ഫോണ്‍ വിളികളുമായി അവരുടെ പ്രണയം അപ്പുപ്പൻ താടി പോലെ അവരുടെ മനസിൽ പാറിനടന്നു..
അങ്ങനെ ഒരു രാത്രി കൂട്ടുക്കാരുടെ കൂടെ പാർട്ടിക്കു പോയി മദ്യങ്ങളും, മയക്കുമരുന്നിനാലും നിറഞ്ഞതായിരുന്നു ആ പാർട്ടി.. അതിൽ നിരാടി നടന്ന അവൻ മയക്കുമരുന്നിന്റെ ലഹരിയിൽ അവളെയും മറന്നു.. രാത്രിയിൽ വീട്ടിൽ തനിച്ചു കിടക്കുകയായിരുന്ന അവൻ അവളുടെ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു നോക്കി.. രാത്രിയിൽ അവളുടെ അക്കൗണ്ട്‌ ഓണ്‍ലൈനിൽ കണ്ട അവളുടെ ഫ്രണ്ട്സ് അവൾ ആണ് എന്ന് കരുതി മെസ്സേജ് അയക്കാൻ തുടങ്ങി.. അവൻ അവൾ എന്ന മട്ടിൽ റിപ്ലേയും കൊടുത്ത് തുടങ്ങി.. ലഹരിയിൽ കാമം നിറഞ്ഞ അവൻ അശ്ലീലവാക്കുകൾ എല്ലാം അവളുടെ അക്കണ്ടിൽ നിന്നും അവളുടെ ഫ്രണ്ട്സിന് അയക്കാൻ തുടങ്ങി.. തുറന്നു പറഞ്ഞാൽ ഒരു ഹോട്ട് ടോക്ക് തന്നെ..
ഈ സംഭവം ദിവസങ്ങളായി അവൻ തുടർന്നു. അവനെ ജീവനു തുല്യം സ്നേഹിക്കുന്ന അവളെ അവൻ വഞ്ചിക്കുകയാണ് എന്ന് അവനിലുള്ള ലഹരിക്കരണം അവനു അറിയാൻ കഴിഞ്ഞില്ല. മയക്കുമരുന്നിന്റെ അടിമയായ അവൻ കൂടെ ഇതും കൂടെ തുടങ്ങി..
അവളുടെ ഫോട്ടോകളും പല കാര്യങ്ങളും അവൾ ചാറ്റ് ചെയ്യുന്നു എന്ന രീതിയിൽ അവൻ അവളുടെ ഫ്രണ്ട്സുമായി ചാറ്റ് ചെയ്തു അവരെ തെറ്റുധരിപ്പിച്ചു. അവൾ ആണ് എന്ന് കരുതി അവരും അത് ആസ്വദിച്ചു.
അങ്ങനെയിരിക്കെ ഒരു കല്യാണ വീട്ടിൽ വെച്ചു അവളുടെ ഫ്രണ്ടിനെ അവൾ കാണാൻ ഇടയായത്.. “നീ അന്ന് അയച്ചു തന്ന ഫോട്ടോസ് നല്ല ഭംഗിയുണ്ട്ട്ടോ.. നേരിട്ട് കാണാൻ കുറെ ആയി കാത്തിരിക്കുന്നു ”

ഇതും പറഞ്ഞു അവൻ അവളുടെ കൈയിൽ പിടിച്ചു.. അവൾ കുതറിമാറി എനിട്ട് പറഞ്ഞു..

“ഏതു ഫോട്ടോസ്??? ഞാൻ എപ്പോളാ തനിക്ക് ഫോട്ടോസ് തന്നത്?? ”

നീ അല്ലെ അന്ന് രാത്രിയിൽ ഫോട്ടോ തന്നതും എനിക്ക് ചാറ്റിലൂടെ ഉമ്മ തന്നതും.. ഇനി നേരിൽ കാണുമ്പോൾ നേരിട്ട് തരാം എന്ന് പറഞ്ഞതുമെല്ലാം എനിട്ട് ഇപ്പോൾ പൊട്ടൻ കളിക്കുന്നോ.. താ ഉമ്മ താ ”
ഇതും പറഞ്ഞു അവൻ അവളെ കെട്ടിപിടിക്കാൻ പോയി.. അവൾ അവന്റെ കൈയിൽ നിന്നും കുതറി ഓടി.. അമ്മയുടെ അടുത്തു പോയി നിന്നു…ആൾകുട്ടത്തിനിടയിൽ നിന്നും കരയാൻ അവൾക്കു തോനിയില്ല.
വീട്ടിൽ എത്തിയതും പൊട്ടി കരഞ്ഞു.. കൂട്ടുക്കാരൻ എന്നെ വേറ രീതിയിൽ കണ്ടത്തിൽ അവൾക്ക് വിഷമം തോന്നി.. ഈ കാര്യം പറയാൻ ആയി അവൾ അപ്പോൾ തന്നെ അവളുടെ കാമുകനെ വിളിച്ചു… ഇതിനെല്ലാം കാരണം അവൻ ആണ് എന്ന് അവൾ അറിയുന്നില്ല. ഈ കാര്യം അവനോട് പറഞ്ഞു അവൾ പൊട്ടി പൊട്ടി കരഞ്ഞു.. കാര്യം മനസിലായ അവൻ ഒന്നും അറിയാത്തവനെ പോലെ അഭിനയിച്ചു. ഇനി ഈ പരിപാടി വേണ്ട എന്ന് അവൻ മനസിൽ ഉറപ്പിച്ചു. ഇത് അവൾ അറിഞ്ഞാൽ അവൾ തന്നെ വിട്ടു പോകും എന്ന് അവനു അറിയാമായിരുന്നു.. അതുകൊണ്ട് അവളിൽ നിന്നും അവൻ അത് മറച്ചു വെച്ചു.
മയക്കുമരുന്നിന്റെ പിടിയിൽ അകപെട്ട അവൻ അത് വീണ്ടും തുടർന്നു.. വീണ്ടും അവളുടെ ഫോട്ടോസ് അയച്ചു കൊടുത്തു..
അങ്ങനെയിരിക്കെ കല്യാണ വീട്ടിൽ നടന്ന പ്രശ്നം അവളുടെ കൂട്ടുക്കാരിയായ ആ തട്ടമിട്ട സുന്ദരി അറിഞ്ഞു. അന്ന് പ്രശ്നം ഉണ്ടാക്കിയ അവൻ ഇവളോട് പറഞ്ഞത്രേ. പറഞ്ഞു എന്ന് മാത്രമല്ല അവളുടെ കുറച്ചു പ്രൈവറ്റ് ഫോട്ടോസ് അവൻ അവളുടെ കൂട്ടുക്കാരിക്ക് കാണിച്ചു കൊടുത്തു.. ഈ കാര്യമെല്ലാം കൂട്ടുക്കാരി അവളോട് പറഞ്ഞു.. “നിന്റെ പ്രൈവറ്റ് ഫോട്ടോ നീ കൊടുക്കാതെ അവനു ഒരിക്കലും കിട്ടില്ല..പിന്നെ അവനു ഇത് എങ്ങനെ കിട്ടി?? ”
അവൾ ആകെ തകർന്നു പോയി.. അവൾ കൂട്ടുക്കരിയോട് പറഞ്ഞു.. “എടി ഞാൻ ആ ഫോട്ടോ എന്റെ ആൾക്ക് മാത്രമാണ് കൊടുത്തത് അവൻ ഒരിക്കലും അത് വേറ ഒരാൾക്ക് കാണിച്ചു കൊടുക്കില്ല..”
കൂട്ടുക്കാരി പറഞ്ഞു.. “അവൻ തന്നെയാണ് ആ ഫോട്ടോ കൊടുത്തത് . നിന്റെ അക്കൗണ്ടിൽ നിന്നുംമാണ് ആ പിക് എന്റെ കൂട്ടുക്കാരന് കിട്ടിയത്. നിന്റെ അക്കൗണ്ട്‌ ഇപ്പോൾ ഉപയോഗിക്കുന്നത് നിന്റെ കാമുകനും.. അതെഡാ.. അവൻ നിന്നെ ചതിച്ചു.. ”
ഇത് കേട്ടതും അവൾ പൊട്ടി കരയാൻ തുടങ്ങി.. ദിവസങ്ങളോളം ആരോടും മിണ്ടാതെ അവൾ മുറിയിൽ തന്നെ കഴിഞ്ഞുകൂടി..
അങ്ങനെയിരിക്കെ ലീവിനു നാട്ടിൽ വന്ന അവൻ അവളെ ഫോണിൽ വിളിച്ചു നാളെ ടൌണിൽ നിന്നും കാണണം വരണം എന്ന് പറഞ്ഞു. മനസ്സിൽ എന്തോ ഉറപ്പിച്ച മട്ടിൽ അവൾ എല്ലാത്തിനും മൂളി കൊണ്ട് നാളെ വരും എന്ന് പറഞ്ഞു.
സ്വന്തം ജീവനെ പോലെയാണ് അവൾ അവനെ സ്നേഹിച്ചത്, തന്റെ രണ്ടു കണ്ണുകൾക്കും അവനെ എന്നും വിശ്വാസമായിരുന്നു.. അതുകൊണ്ട് തന്നെയാണ് അവൻ ചോദിക്കുമ്പോൾ എല്ലാം അവൻ അവളുടെ ഫോട്ടോസ് കൊടുക്കുന്നതും, അതെല്ലാം ഇങ്ങനെയൊരു ചീറ്റിങ്ങിനാണ് എന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല..
അങ്ങനെ രാവിലെയായി രണ്ടു ദിവസം ഭ്രാന്തിയെ പോലെ നടന്ന അവൾ അന്ന് മൂടിചീകി പൊട്ടു തൊട്ടു അവനെ കാണാൻ. ടൌണിലേക്ക് ഇറങ്ങി.. അവനും സന്തോഷത്തോടെ എല്ലാം ഒളിപ്പിച്ചു വെച്ചുകൊണ്ട് അവൾ കാണാൻ ഇറങ്ങി..
എന്നും അവർ കാണാറുള്ള ആ പഴയ സ്കൂൾ ബസ്‌ സ്റ്റോപ്പിൽ തന്നെയാണ് ഇന്നും അവർ കാണാൻ പോകുന്നത്.. ബസിൽ അവിടെ ഇറങ്ങിയ അവൻ കണ്ട കാഴ്ച്ച ഇതായിരുന്നു.. അവിടെ പോലീസ് ജീപ്പും, കുറെ ആളുകളും എല്ലാം ഉണ്ട്.. അതിനിടയിൽ അവൻ അവളെയും തിരയുന്നുണ്ടായിരുന്നു.. അവൾ എത്തിയിട്ടുണ്ടാകില്ല ഇവിടെ നിൽക്കാം. എന്ന് അവൻ മനസ്സിൽ പറഞ്ഞു.. അവിടെയാകെ കൂടി നിൽക്കുന്ന ആളുകളോട് അവൻ ചോദിച്ചു..

എന്താ ചേട്ടാ പ്രശ്നം?? അടി വല്ലതും ആണോ..
ഹേയ്.. അല്ല.. ഒരു പെണ്ണ് ഇതാ.. ആ മാവിൻ കൊമ്പത്ത് തൂങ്ങി ഇപ്പോളാ ഞാങ്ങൾ കണ്ടത് പോലീസ് എത്തിയപ്പോളെക്കും കുട്ടി മരിച്ചു. ശവം ഇപ്പൊ കൊണ്ടയാതെ ഉള്ളു..
സംസാരത്തിന്റെ ഇടയിലും അതിലെ പോകുന്ന ബസുകളിലെക്ക് അവൻ നോക്കി അവൾ വരുന്നുണ്ടോ എന്ന്..
അയാൾ വീണ്ടും പറഞ്ഞു..”ഇതാ മോനേ. ആ കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പാണ്.. ”
അവൻ അത് തുറന്നു വായിച്ചു..
അതിൽ എഴുതിയത് ഇങ്ങനെ..

“നീ കാത്തു നിൽക്കുന്നവൾ ആരോ അത് നിന്നെ വിട്ടു പോയിട്ട് ഇന്നേക്ക് മൂന്നു ദിവസമായി.. സ്വന്തം ജീവൻ എന്ന് കരുതി സ്നേഹിച്ച ഹ്രദയത്തെയാണ് നീ ചതച്ചതും മറ്റുള്ളവരുടെ മുന്നിൽ കാഴ്ച്ചവെച്ചതും.. നിന്നെ ഞാൻ ഞാൻ ആയിട്ട് തന്നെയായിരുന്നു കണ്ടത്. നീ ചതിക്കും എന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞിരുന്നില്ല.. എന്നാൽ ഞാൻ വിശ്വസിച്ചു ഇപ്പോൾ.. അതുകൊണ്ട് തന്നെയാണ് നിന്നെ ഞാൻ ആദ്യമായി കണ്ട സ്ഥലത്തു നിന്നും നിന്നോടും ഈ ലോകത്തോടും യാത്രപറയ്യുന്നത്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. അത് നീ മാറിപോയിരിക്കുന്നു അന്ന് ഞാൻ കണ്ട ആൾ അല്ല ഇന്ന് എന്റെ മരണകുറിപ്പ് വായിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് ഞാനും ഈ ഭൂമിയിൽ ഇല്ല..
സന്തോഷത്തോടെ ജീവിക്കുക, എല്ലാം മറക്കുക്ക.. ”
കത്ത് മുഴുവൻ വായിച്ച അവൻ റോഡിൽ ഇരുന്നു കരഞ്ഞു.. ജീവനു തുല്യം സ്നേഹിച്ചവളെയാണല്ലോ ലഹരിയുടെ മറയിൽ അവൻ ചതിച്ചത്‌ എന്ന് ഓർത്ത്‌ അവൻ പൊട്ടി കരഞ്ഞു…

വർഷങ്ങൾ കുറെ കഴിഞ്ഞു…ഇന്നവൻ ഒരു കുട്ടിയുടെ അച്ഛൻ ആണ്.. ഭാര്യയുമായി അവൻ സന്തോഷത്തോടെ ജീവിക്കുന്നു..
ടൌണിലെ ഒരു ഹെൽത്ത്‌ കെയർ സംഘത്തിന്റെ കൂടെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലാസ്സുകൾ ഇന്ന് അവൻ നടത്തുനുണ്ട്..
എന്നും രാവിലെ ജോലിക്ക് പോകുന്ന സമയം.. ആ പഴയ ബസ്‌ സ്റ്റോപ്പിൽ കാർ നിർത്തി അവൻ അവിടെ കുറച്ചു നേരം നിൽക്കും… പഴയ ജീവിതത്തിലേക്ക് എന്നും അവൻ അവിടെ നിന്നും എത്തി നോക്കും.. അവളെ അവൻ ഇന്നും ഓർക്കുന്നു മായാത്ത മുറിപാടിന്റെ വേദനയോടെ………

Standard