Status

പ്രണയത്തിന്റെ ഉറവിടം 

മനുഷ്യ ഹൃദയത്തിനു 

നാല്‌ അറകളാണുള്ളത്‌ .
ആദ്യ അറയിലാണ്‌ 

നാം നമ്മുടെ സ്വപ്നങ്ങളെ കുടിയിരുത്തിയിരിക്കുന്നത്‌.
രണ്ടാമത്തെ അറയിൽ 

നമ്മുടെ നിലവിലെ ദുഖങ്ങളും സന്തോഷങ്ങളും  ഇഴചേർന്നിരിക്കുന്നു.
മൂന്നാമത്തെ അറ 

നമ്മുടെ  ഓർമ്മകൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നു.
നാലാമതൊരു അറയുണ്ട്‌.

അത്രമേൽ ഹൃദയത്തിനുള്ളിലാണ്ട ഒരാൾ

കാട്ടി തരും വരേയ്ക്കും 

നമുക്ക്‌ പോലും ഒരു പിടിയുമില്ലാതിരിക്കുന്ന ഒരിടം . 
അയാൾ ഇറങ്ങിപ്പോകുമ്പോൾ 

അയാളോടൊപ്പം ഇറങ്ങിപ്പോകുന്ന ,

അതിനു ശേഷം 

നാല്‌ അറകളേയും ശൂന്യമാക്കുന്ന ഒരിടം . 
നമ്മൾ പോലും അറിയാതെ 

നമ്മൾ നമ്മളെ ഒളിച്ചുവെച്ചിരിക്കുന്ന

ഒരിടം .

Status

ഓർമ്മയുടെ വീഥികൾ 

​ഒഴിഞ്ഞ ഈ വീഥികൾ ഒരു ഓർമപ്പെടുത്തലാണ് …

അതെ ഈ വഴിയിലൂടെ തന്നെയല്ലേ എന്നത്തേയും പോലെ ഇന്ന് അസ്തമയത്തിനുമുൻപ് ഞാൻ നടന്നു പോയത് ??

 ഇതേ വഴിയിലൂടെ തന്നെയല്ലേ ഞാൻ ആ കൈകൾ പിടിച്ചുരുമ്മി നടന്നതും !!

കണ്ണടച്ചു നടന്നാൽ പോലും ഞാൻ ഇടറി വീഴാത്ത  വഴികൾ,

എന്നാലീ നിമിഷമെന്തേ ഈ വഴികൾ എനിക്ക് അപരിചിതമായത് !!!!

എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ??

ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു തുടിക്കുന്ന ഹൃദയമുണ്ടായിരുന്നു . എന്നാലിപ്പോഴോ മൗനത്തിന്റെ നേർത്ത കാറ്റിന്റെ മരവിച്ച തണുപ്പ് മാത്രം. 
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്കും മുൻപേ ആയിരുന്നോ ?? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു പ്രേമം തുളുമ്പുന്ന മന്ദസ്മിതങ്ങളുണ്ടായിരുന്നു , എന്നാലിപ്പോഴോ കടുംനീലിചു വരണ്ട  ഇരുട്ടിന്റ മന്ദത മാത്രം.
എന്തെ , ഈ വഴികളിൽ കൂടി ഞാൻ നടന്നത് യുഗങ്ങൾക്ക് മുൻപേ ആയിരുന്നോ ??? ആയിരുന്നിരിക്കണം , അന്നിവിടെ എന്നെ കാത്തു ഒരു നൂറുകഥകളുടെ മിന്നാമിനുങ്ങ്കൂട്ടം ഉണ്ടായിരുന്നു , എന്നാൽ ഇന്നിവിടെ വെട്ടമസ്തമിച്ച രാവിൻ നിശബ്ദത മാത്രം
ഈ ഒഴിഞ്ഞ വീഥികൾ പോലെ ,

എല്ലാം ശൂന്യമായിരിക്കുന്നു .
യുഗങ്ങൾക് പുറകിലേക്കു പോയി ആ സ്മരണകളെ തിരിച്ചു കൊണ്ടുവരാൻ ഇനി യാത്രയില്ല

എന്റെ വരവും കാത്ത് ഒരു പ്രതീക്ഷകളും 

ആ വീഥികളിൽ കാത്തു നിൽക്കുന്നുമില്ല

വരാത്ത എന്നെയോർത് നിറയാനും

നനയാനും അവിടെയെനിക്കായി കണ്ണുകളുമില്ല.

ഇനിയെന്ന് കാണുമെന്ന വിങ്ങലോടെ വിട പറയാനും , വൈകാതെ തിരികെയെത്താം എന്നോർത്ത് കൈ വീശി കാണിക്കാനും ,അവിടെ നമുക്ക് ആരുമില്ല.
വസന്തം വിരിഞ്ഞുപൊഴിഞ്ഞ ആ വീഥികളിലൂടെ വീണ്ടും ഇന്നു തപ്പിത്തടഞ്ഞു  ഒറ്റയ്ക്ക്നടക്കുമ്പോൾ

എന്റെ കൂടെയെത്താൻ , വീണു പോകും നേരം കൈപിടിച്ച് താങ്ങാൻ  ഇന്നെനിക് ഓർമകളുടെ , അറിയാതെ കാലം തെറ്റി വന്ന ഓർമ്മകളുടെ കിതപ്പ് മാത്രം .

Status

ഞാനൊന്ന് നടന്നോട്ടെ…!!

അനിയത്തീ..

എന്നെ സ്നേഹിക്കരുത്.

വരമ്പിറങ്ങുമ്പോൾ

വിതുമ്പുന്ന ചുണ്ടുകൾ കാണുവാൻ വയ്യ..!

അനിയാ…

നീയും…

പ്രതീക്ഷക്കണ്ണുകളിലേക്കിനി

തിരിഞ്ഞുനോട്ടം വയ്യ..!
പ്രിയതമേ…

സ്നേഹിക്കരുതെന്നെ…

കരഞ്ഞു പിഴിഞ്ഞ

ചുവന്ന മൂക്കിനി വയ്യ കാണുവാൻ…!
ചേച്ചീ…

നീയും സ്നേഹിക്കരുത്…

വഴിക്കണ്ണുമായുള്ള നിൽപ്പിനി വയ്യ

മനസ്സിലോർക്കുവാൻ..!
അമ്മേ.. മാപ്പ്.

കൂടെക്കരുതില്ല ഞാനിനി…

കനൽച്ചൂടെരിയുമ്പോൾ

ഊതിപ്പുകച്ച സ്നേഹപ്പൊതിച്ചോർ…!
സ്നേഹിക്കരുതാരുമെന്നെ…!
പിൻവിളിക്കാരുമില്ലാതെ

ഞാനൊന്നു നടക്കട്ടെ…